ഉമ്മത്തൂരിൽ ഓടുന്ന സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക് | നാദാപുരം വാർത്ത - eNadapuram
free ad

ഉമ്മത്തൂരിൽ ഓടുന്ന സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്

ഉമ്മത്തൂരിൽ ഓടുന്ന സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്
ഉമ്മത്തൂരിൽ ഓടുന്ന സ്കൂൾ ബസിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. താനക്കോട്ടൂർ ഭാഗത്തേക്ക് വിദ്യാർത്ഥികളെ കുത്തിനിറച്ച് അതിവേഗതയിൽ പോകുന്നതിനിടെ ബസിന്റെ ഡോറിന്റെ മുകളിൽ നിന്നാണ് 13 വയസ്സുകാരിയായ പെൺകുട്ടി റോഡിലെ ചളിയിലേക്ക് തെറിച്ചുവീണത്. കുട്ടി ഷൂ ധരിച്ചിരുന്നതിനാലാണ് കാലിന് വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടതെന്നും, എങ്കിലും ശരീരത്തിൽ ചെറിയ പരിക്കുകളുണ്ടെന്നും നാട്ടുകാർ പറഞ്ഞു. അപകടത്തിന് പിന്നാലെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിക്ക് ഇന്ന് വീണ്ടും ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി വൈകുന്നേരത്തോടെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഭാഗ്യം കൊണ്ട് മാത്രമാണ് തങ്ങളുടെ മകൾ ജീവനോടെ ബാക്കിയായതെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു. രണ്ട് ട്രിപ്പുകളിലായി കൊണ്ടുപോകേണ്ട കുട്ടികളെ ഒരൊറ്റ ബസിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ അപകടത്തിൽപ്പെട്ട കുട്ടിയുടെ മാതാവ് തന്നെ പല തവണ പിടിഎ മീറ്റിംഗിൽ പരാതിപ്പെട്ടിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും നാട്ടുകാർ പറഞ്ഞു. അതേസമയം നാദാപുരം മേഖലയിൽ വിദ്യാർത്ഥികളുടെ സുരക്ഷ ചോദ്യചിഹ്നമാക്കിക്കൊണ്ട് സ്കൂൾ വാഹനങ്ങളിൽ നിന്നുള്ള അപകടങ്ങൾ തുടർച്ചയാവുകയാണ്.ഈ മാസം തന്നെയുണ്ടായ രണ്ടാമത്തെ സമാന സംഭവമാണിതെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

ദിവസങ്ങൾക്ക് മുൻപ് ആവോലം സി.സി.യു.പി സ്കൂളിലെ ജീപ്പിൽ നിന്ന് തെറിച്ചുവീണ് പത്തുവയസ്സുകാരനായ വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. പാറക്കടവ് സ്വദേശി പൊക്കുന്നുമ്മൽ ഇൻസാഫ് റഹ്മാനാണ് അന്ന് അപകടത്തിൽപ്പെട്ടത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ പാറക്കടവ് പട്ടാണി പെട്രോൾ പമ്പിന് സമീപം വെച്ചായിരുന്നു സംഭവം. വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായ പശ്ചാത്തലത്തിൽ, സ്കൂൾ ബസുകളുടെയും ജീപ്പുകളുടെയും കടുത്ത നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പോലീസും കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാർക്കും രക്ഷിതാക്കൾക്കുമിടയിൽ ഇപ്പോൾ ശക്തമായിരിക്കുകയാണ്.
free ad